നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞു വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു



 തിരുവനന്തപുരം  മാറനല്ലൂർ : ബൈക്കപകടത്തിൽപ്പെട്ട് റോഡിൽ വീണ യാത്രക്കാരൻ മരിച്ചു. പൊൻമുടി റോഡരികത്തുവീട്ടിൽ ജയരാജ്(29) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ റോഡിൽ വീണുകിടക്കുന്നതുകണ്ട് നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടുകൂടി മാറനല്ലൂർ-അണപ്പാട് റോഡിൽ ചീനിവിള കവലയ്ക്കു സമീപമായിരുന്നു അപകടം.


അരുമാളൂർ സ്വദേശിയായ വിജയനും ഭാര്യ അരുന്ധതിയുമൊന്നിച്ച് പുലർച്ചെ നാലുമണിയോടുകൂടി തിരുവനന്തപുരം ഭാഗത്തേക്കു പോകവേയാണ് റോഡിൽ ഒരാൾ വീണുകിടക്കുന്നതു കണ്ടത്.ഉടനെ കാർ വെട്ടിതിരിച്ചതിനെത്തുടർന്ന് സമീപത്തെ വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് റോഡിൽ ബൈക്ക് യാത്രക്കാരനായ ഒരാൾ വീണ്‌ ബോധമില്ലാതെ കിടക്കുന്നതുകണ്ടത്.


ഉടൻതന്നെ മാറനല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നുപോലീസെത്തി 108 ആംബുലൻസിൽ ബൈക്ക് യാത്രക്കാരനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.


കഴക്കൂട്ടത്ത് ടയറിന്റെ ജോലികൾ ചെയ്യുന്ന ജയരാജ് സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചശേഷം പുന്നാവൂരിലെ സുഹൃത്തിനെ വീട്ടിൽക്കൊണ്ടുവിട്ട്‌ കഴക്കൂട്ടത്തേക്കു മടങ്ങുംവഴിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം. അപകടം എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.പ്രദേശത്തെ നിരീക്ഷണക്യാമറകൾ പോലീസ് രാത്രി വൈകുംവരെ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങളൊന്നുംതന്നെ ലഭ്യമായിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമാക്കാൻ കഴിയൂവെന്നാണ് മാറനല്ലൂർ പോലീസ് പറഞ്ഞത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

Previous Post Next Post