പെരുമ്പാവൂർ: നിയന്ത്രണംവിട്ട കാർ പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി കടയുടമയായ യുവാവിന് പരിക്കേറ്റു. പുല്ലുവഴി അമ്പാട്ട് വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ രതീഷിനാണ് പരിക്കേറ്റത്. പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽ നിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർവശത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഉൾവശം പൂർണമായും തകർന്നു.