തുറവൂർ: ദേശീയപാതയിൽ തുറവൂർ പഞ്ചായത്ത് ഓഫീസിന് വടക്കു ഭാഗത്ത് കാറുകൾ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല. ഇരുകാറുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം തെറ്റിയ ഒരു കാർ പ്രധാനറോഡിന്റെ അരികിൽ നിർമ്മിക്കുന്ന കോൺക്രീറ്റ്ഭിത്തിയുടെ കമ്പിയിൽ തങ്ങി നിന്നതിനാൽ 20 അടി താഴ്ചയിലേക്ക് വീഴാതെ യാത്രക്കാർ രക്ഷപ്പെട്ടു. ഇവിടെ റോഡിന് നല്ല ഉയരമാണ്. ഇന്നലെ രാവിലെ 11.40 നായിരുന്നു അപകടം. ദേശീയപാത വികസനം നടക്കുന്ന റോഡിൽ കാറുകളുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം കുറച്ചുനേരം ഭാഗികമായി തടസ്സപ്പെട്ടു..