ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ദ്വാരകയിൽ കെ.പ്രസാദ് - അജിത ദമ്പതികളുടെ മകനും ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയുമായ ഋഷികേശ് (17) ആണ് വൈകിട്ട് 3 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷം പള്ളിപ്പാട് കോളാച്ചിറ പാലത്തിന് വടക്കുവശത്തായിരുന്നു അപകടം. മറ്റം മഹാദേവർ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് പോയ ശേഷം തിരികെ വരുന്ന വഴി ഋഷികേശ് ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സമീപത്തുള്ള മതിലിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഋഷികേശിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായി മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ നടക്കാനിറങ്ങിയവരാണ് പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന ഋഷികേശിനെ കണ്ടത്.