കോഴിക്കോട് ജില്ലയിലും കനത്ത മഴ. നാദാപുരത്ത് ഇന്ന് വൈകീട്ടോടെ പെയ്ത ശക്തമായ മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ചെക്യാട് കുറുവന്തേരിയിൽ ഞാലിയോട്ടുമ്മൽ ഹസന്റെ വീടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്.
വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മണ്ണിടിച്ചിലിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീടിന്റെ ചുമരുകൾക്കും കേടുപാടുകൾ ഉണ്ടായതായി ഹസൻ പറഞ്ഞു.
നോമ്പ്‌തുറ കഴിഞ്ഞ് വീട്ടിലുള്ളവരെല്ലാം അകത്തിരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മതിൽ ഇടിഞ്ഞ് വീണത്.
ചെക്യാട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി.മുസ സ്ഥലം സന്ദർശിച്ചു. വൈകീട്ട് 5 മണി മുതൽ പ്രദേശത്ത് ഇടിമിന്നലോടെ ശക്തമായ മഴയാണ് പെയ്തത്. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്