മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ തട്ടി അമ്മയ്ക്ക് ദാരുണാന്ത്യം



പൂന്തുറ:  വാഹനങ്ങളെ വഴിതിരിച്ചുവിടുന്നതിന് ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ സ്‌കൂട്ടറിടിച്ച് ഒരു മരണം. മകനും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. പിന്നിലിരുന്ന അമ്മ സുമ(50) മരിച്ചു.

സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ അഭിരാജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 3.50 ഓടെ ദേശീയപാതയിലെ കുമരിചന്ത- തിരുവല്ലം റൂട്ടില്‍ പുതുക്കാട് കല്യാണ മണ്ഡപത്തിന് സമീപമാണ് അപകടം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നതിന് വെളളാറിലെ വീട്ടില്‍ നിന്ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. കുമരിചന്ത- തിരുവല്ലം റൂട്ടില്‍ ടാറിടുന്നതിന്റെ ഭാഗമായി മറുവശത്തുളള വണ്‍വേ റോഡില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിന് റിഫ്ളക്ടര്‍ പതിപ്പിച്ച വീപ്പകള്‍ മധ്യഭാഗത്ത് നിരത്തിയിരുന്നു.......

വെളളാറിൽ നിന്ന് ഇവർ പുതുക്കാട് ഭാഗത്തേക്ക് വരുമ്പോൾ ഇരുട്ടായതിനെ തുടർന്ന് റോഡിൽ വച്ചിരുന്ന വീപ്പകൾ കണ്ടിരുന്നില്ലെന്ന് മകൻ അഭിരാജ് പറഞ്ഞു. വീപ്പയിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ടുമറിയുകയും പിന്നിൽ ഇരുന്ന സുമയുടെ തല റോഡിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു.


തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി. ഭർത്താവ് എസ്. അജയൻ. മക്കൾ: അരുൺ, അഭിരാജ്. മരുമകൾ : സാന്ദ്ര സെബാസ്റ്റ്യൻ.

പൂന്തുറ പോലീസ് കേസെടുത്തു


Post a Comment

Previous Post Next Post