തൃശ്ശൂർ എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ കുടുംബനാഥൻ ശ്വാസം കിട്ടാതെ മരിച്ചു. ഐനിക്കുന്നത് അബ്ദുള്ള (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു അബ്ദുള്ള. എന്നാൽ കുറച്ചു ദൂരം എത്തിയപ്പോഴേക്കും ശ്വാസം കിട്ടാനാകാതെ കിണറിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളം ഫയർഫോഴ്സിൽ വിവരമറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അബ്ദുള്ളയെ പുറത്തെടുത്തു. വെള്ളറക്കാട് സഹചാരി ആംബുലൻസിൽ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ: റഫീക്ക്, റഷീദ്, റസീന