തിരുവനന്തപുരം കിഴക്കേകോട്ടയിൽ സിഗ്നൽ കാത്തുനിന്ന സ്വകാര്യ വോൾവോ ബസിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ച് അഞ്ച് യാത്രക്കാർക്ക് പരിക്ക്.സ്വകാര്യ ബസ് യാത്രക്കാരായ പത്മിനി(55),കാശിനാഥ്(19),ദിവ്യ(36),രമണി(57),ചന്ദ്രൻ(56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെ 11ഓടെ കിഴക്കേകോട്ട പഴവങ്ങാടി ഗണപതി കോവിലിന് എതിർവശത്തായിരുന്നു അപകടം. സിഗ്നൽകാത്തുകിടന്ന എ.വൺ ട്രാവൽസിന്റെ വോൾവോ ബസിന് പിന്നിലേക്ക് വെള്ളായണി ക്ഷേത്രം-പാപ്പനംകോട്-കിഴക്കേക്കോട്ട റൂട്ടിലോടുന്ന വി.കെ.മോട്ടോർസിന്റെ ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിലെ യാത്രക്കാർ ബസ്സിൽതന്നെ വീണ് പരിക്കേൽക്കുകയായിരുന്നു. സ്ത്രീ യാത്രക്കാരായ പലരുടെയും പല്ലുകൾക്കും മുഖത്തുമാണ് കൂടുതലും പരിക്ക്. ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീയുടെ ഒരു പല്ല് ഇളകിത്തെറിച്ചു. സ്വകാര്യബസിന്റെ മുന്നിലെ ചില്ലും പൂർണായും തകർന്നു.റേഡിയേറ്ററിൽ നിന്ന് കൂളന്റും ഓയിലും റോഡിലേക്കൊഴുകി. റോഡിൽ വീണ ഓയിലും ചില്ല് കഷ്ണങ്ങളും ചെങ്കൽചൂള ഫയർഫോഴ്സെത്തി വൃത്തിയാക്കി. തിരുവനന്തപുരം നിലയത്തിലെ എസ്.എഫ്.ആർ.ഒ.കെ.സജികുമാറിന്റെ നേതൃത്വത്തിൽ ഡ്രൈവർ വിപിൻ ചന്ദ്രൻ,എഫ്.ആർ.ഒമാരായ വിമൽ രാജ്,സാജൻ സൈമൺ,സവിൻ എന്നിവർ പങ്കെടുത്തു.