കോഴിക്കോട് മുക്കം: കുന്നമംഗലം - മുക്കം റോഡിൽ വെസ്റ്റ് മണാശേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും തിരുവമ്പാടി വഴി കൂമ്പാറയിലേക്ക് പോവുകയായിരുന്ന മൂലമറ്റം - കൂമ്പാറ ഫാസ്റ്റ് പാസഞ്ചർ ബസ് (ATC 26, KL15 A1854) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
വെസ്റ്റ് മണാശേരിയിൽ എത്തിയപ്പോൾ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലേക്ക് മറിയുകയുമായിരുന്നു. ബസ്സിൽ ഏകദേശം 20 ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ 13 യാത്രക്കാരും 2 ജീവനക്കാരും ഉൾപ്പെടുന്നു. പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചെറിയ പരിക്കുകളുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
അപകടകാരണം വ്യക്തമല്ല. മുക്കം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബസ്സിന്റെ സാങ്കേതിക തകരാറാണോ അതോ ഡ്രൈവറുടെ പിഴവാണോ അപകടകാരണമെന്ന് പോലീസ് പരിശോധിക്കുന്നു.