കളമശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം



കൊച്ചി കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. അപകടത്തിന് കാരണം അശാസ്ത്രീയമായ റോഡ് നിർമ്മാണമാണെന്ന ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തി. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്.


റോഡിന്റെ ഒരു ഭാ​ഗത്ത് ടാറും ഒരു ഭാ​ഗത്ത് ഇന്റർലോക്ക് കട്ടയും പതിച്ചിരിക്കുകയാണ്. ഇതിന് രണ്ടിനും ഇടയിൽ ഉയരവ്യത്യാസമുണ്ട്. ഇവിടെ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവതി കാറിനടിയിലാണ് ചെന്നുപെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ബുഷറ ബീവിയുടെ മരണം സംഭവിച്ചിരുന്നു. ഈ സ്ഥലത്ത് ഇതിന് മുമ്പും വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടം സംഭവിച്ച സ്ഥലം ഇറക്കമാണ്. കൂടാതെ വളവുമാണ്. ഇവിടെ ഇന്റർലോക്കും റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ട്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാറുണ്ട്.



Post a Comment

Previous Post Next Post