മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.