പത്തനംതിട്ട: വെണ്ണിക്കുളം കോഴഞ്ചേരി റോഡിൽ കത്തോലിക്കാ പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം പാരുമണ്ണിൽ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്.
വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡിൽ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം 5.45-ന് പള്ളി പടിക്കൽ ഓട്ടോ ഇറങ്ങിയ ലിസി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചത്. റോഡിന്റെ നടുവിലെ വെള്ളവരയ്ക്ക് സമീപമെത്തിയ ലിസി ബസ് കണ്ട് അന്ധാളിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബസ് നിർത്തുമെന്ന് വിചാരിച്ച് ലിസി മുന്നോട്ടുനീങ്ങി, എന്നാൽ മുന്നോട്ടുപാഞ്ഞ ബസ് ലിസിയെ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിൽ വീണുപോയ ലിസിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടുകൂടി മരണത്തിന് കീഴടങ്ങി
അതേസമയം, ആള് റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ബസ് നിർത്താൻ ഡ്രൈവർ ശ്രമിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മക്കൾ ജോജോ (UK), ജിനു (ഓസ്ട്രേലിയ). സംസ്കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച പകൽ 12 മണിക്ക് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക് പള്ളിയിൽ നടക്കും