നിക്കാഹിനു പിന്നാലെ 18കാരി ജീവനൊടുക്കിയ സംഭവം ; കൈ ഞരമ്പ് മുറിച്ച അയല്‍വാസി തൂങ്ങിമരിച്ചു

 


മലപ്പുറം നിക്കാഹ് നടത്തി ദിവസങ്ങള്‍ക്കകം യുവതി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അയല്‍വാസിയെ ഒടുവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ (19) ആണ് മരിച്ചത്. സമീപവാസിയായ ഷൈമ സിനിവറുമായി സജീര്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീര്‍ ആരുമറിയാതെ ഇവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ സജീറിനെ കണ്ടെത്തിയത്.


ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയത്. ഇതിനു പിന്നാലെ ഷൈമ വീട്ടില്‍ തൂങ്ങിമരിച്ചു. പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി.


സജീറുമായി ഷൈമ ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു നിക്കാഹിന് സമ്മതിക്കേണ്ടി വന്നു. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍.



Post a Comment

Previous Post Next Post