ജിദ്ദയിൽ ഇന്ന് പെയ്‌ത ശക്തമായ മഴയിൽ പെട്രോൾ സ്റ്റേഷന് ഇടിമിന്നലേറ്റു. പെട്രോൾ സ്റ്റേഷന് ചേർന്ന് സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറിലാണ് മിന്നലേറ്റത്. ഇതിന്റെ അഘാതത്തിൽ പെട്രോൾ സ്റ്റേഷനിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടാവുകയായിരുന്നു. ഹയ്യ രിഹാബിലെ ഒരു പെട്രോൾ സ്റ്റേഷനിലാണ് സംഭവം. അപകടത്തിൽ പെട്രോൾ സ്റ്റേഷന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. അപകടത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾ ഏത് രാജ്യക്കാരാനാണെന്ന് വ്യക്തമല്ല. മക്ക, മദീന, ജിദ്ദ ഗവർണറേറ്റുകളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. തുടർന്ന് വിമാനയാത്രകളേയും ഭാഗികമായി ബാധിച്ചു. പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വഴിയിൽ പണി മുടക്കി. രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. രാവിലെ 9.30 ഓടെ വിവിധ ഭാഗങ്ങളിൽ മഴപെയ്തു തുടങ്ങി.
ജിദ്ദയിലെ അൽ-ബസാത്തീനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 38 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. കൂടാതെ മദീനയിൽ പ്രവാചകന്റെ പള്ളിയുടെ മധ്യഭാഗത്ത് 36 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.