പുനലൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകന്‍ പുനലൂരില്‍ ലോറി തട്ടി മരിച്ചു.
ചെന്നൈ മൗലിവട്ടം സ്വദേശി എസ്. മദൻകുമാറാ(28)ണ് മരിച്ചത്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ വാളക്കോട് പെട്രോൾ പമ്പിനുസമീപം ബുധനാഴ്ച ഒരുമണിയോടെയായിരുന്നു അപകടം.
ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു. മദൻകുമാറടക്കം 20-ഓളം പേരടങ്ങുന്ന സംഘം ശബരിമലയിൽനിന്ന് പുനലൂരിലെത്തി, ഇവിടെ ദേശീയപാതയോരത്തെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെയായിരുന്നു സംഭവം
പുനലൂർ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ലോറി മദൻകുമാറിനെ ഇടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ മദൻകുമാറിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.