അടൂരിലും കോന്നിയിലും വാഹനാപകടങ്ങള്‍



നിയന്ത്രണംവിട്ട ടിപ്പർ ലോറി ആറു വാഹനങ്ങളില്‍ ഇടിച്ചു അടുർ: ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്കുള്ള പാതയില്‍ നിയന്ത്രണംവിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ച്‌ അഞ്ചു പേർക്ക് പരിക്ക്.

ടിപ്പർ ലോറി ഡ്രൈവർ മൈനാഗപ്പള്ളി തൊടുവയല്‍ അഖില്‍ദേവിനെ (30) പരിക്കുകളോടെ അടൂർ ജനറല്‍ ആശുപത്രിയിലും കുന്നിട ചെളിക്കുഴി സൂര്യാലയത്തില്‍ സുലത (47), സൂര്യൻ (18), ഇളമണ്ണൂർ വിളയില്‍ നിലത്തില്‍ ഷൈജു ബേബി (37), പൂതംകര അമ്ബാടി സോമൻപിള്ള (61) എന്നിവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കിൻഫ്രാ പാർക്കിനു സമീപത്തുനിന്നു കെപി റോഡിലേക്കു കടക്കാനായി ഇറക്കം ഇറങ്ങി വരവേയാണ് പാറകയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. മൈനാഗപ്പള്ളിയിലേക്കു പാറയുമായി പോകുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു.

സ്റ്റാൻഡില്‍ക്കിടന്ന നാല് ഓട്ടോറിക്ഷകളിലും റെഡി മിക്സ് വാഹനം, കാലിയായിരുന്ന പെട്രോള്‍ ടാങ്കർ ലോറി എന്നിവയിലുമാണ് ഇടിച്ചത്. പിന്നീട് ലോറി വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോറിക്ഷ സമീപത്തെ തോടിന്‍റെ വശത്തേക്കു മറിഞ്ഞു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവർ ക്കും ടിപ്പർ ലോറി ഡ്രൈവർക്കുമാ ണ് പരിക്കേറ്റത്.


ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു


അടൂർ: ഏനാദിമംഗലം കുന്നിടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു, യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ കുന്നിട സ്വദേശി ശ്രീക്കുട്ടന്‍റെ ബജാജ് എൻഎസ് ബൈക്കാണ് ഓടുന്നതിനിടെ തീ പിടിച്ചത്. തീ പടരുന്നതു കണ്ട് ശ്രീക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങിയതിനാലാണ് അപകടം ഒഴിവായത്. 


ശ്രീക്കുട്ടൻ ഇറങ്ങിയ ഉടൻതന്നെ തീ ആളിപ്പടരുകയും പെട്രൊള്‍ ടാങ്കും ബാറ്ററിയും പൊട്ടിത്തെറിക്കുകയും ചെയ്തു. അടുരില്‍നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. പെട്രോള്‍ ടാങ്കിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറി


കോന്നി: പുനലൂർ -മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി ചന്തയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളിലേക്ക് ഇടിച്ചു കയറി . ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നാണ് അപകടം.വർക്കല സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 

കാർ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. 


ആർക്കും പരിക്കില്ല. പിഎം റോഡില്‍ അപകടം തുടർക്കഥയാകുമ്ബോഴും പരിഹാരത്തിന് യാതൊരു നടപടികളും ഇനിയും കൈക്കൊണ്ടിട്ടില്ല. കോന്നി സെൻട്രല്‍ ജംഗ്ഷൻ ഉള്‍പ്പെടെ അപകടമേഖലയാണ്. അനധികൃതമായി  വാഹനങ്ങള്‍ റോഡ് വശത്ത് നിർത്തിയിടുന്നതും അപകടകാരണമായി മാറുന്നുണ്ട്.

Post a Comment

Previous Post Next Post