കർണ്ണാടകയിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആർ റിപ്പോർട്ട്. മൂന്ന് മാസം പ്രായമായ പെൺ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോർട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികൾക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചൈനീസ് വേരിയൻ്റ് ആണോ കുട്ടികൾക്ക് സ്ഥിരീകരിച്ചത് എന്നത് വ്യക്തമല്ല. പരിശോധന തുടരുമെന്ന് കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശക്തമായ പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളിൽ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു