ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ചു താൽക്കാലിക ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലിസ്. അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ആർഎംഒ കാറെടുത്ത് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തല മതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് നിഷ. നിഷയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് ആർഎംഒയുടെ വാഹനം കസ്റ്റഡിയിൽ എടുത്തു.