പറവൂർ പുത്തൻവേലിക്കര മാനാഞ്ചേരികുന്ന് ഭാഗത്താണ് കിണറിന് ആഴം കൂട്ടുന്നതിനിടെ മദ്ധ്യഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
പുത്തൻവേലിക്കര സ്വദേശി ബിനോയ് (50) ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ ഒമ്പതരയോടെ മാനാഞ്ചേരികുന്ന് അഞ്ചുവഴിയിൽ സുരേഷിന്റെ വീട്ടിലെ നിലവിലുള്ള കിണറിന്റെ ആഴംകൂട്ടുന്നതിനിടെയാണ് അപകടം. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷ നൽകി. മണ്ണിനടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ബിനോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു രണ്ട് തൊഴിലാളികൾക്ക് കാര്യമായ പരിക്കില്ല.