കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തിലെ എണ്ണങ്കൽ ചെങ്കൽ ക്വാറിയിൽ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്ക്. ഡ്രൈവർ പോക്കർ, സഹായി പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും ഫയർ ആൻറ് റെസ്ക്യൂ സംഘവം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആദ്യ പോക്കറിനേയും പിന്നീട് പ്രകാശനേയും പുറത്തെടുത്തു. ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങൽ എന്ന സ്ഥലത്തുള്ള കുന്നിന് മുകളിലെ ക്വാറിയിൽ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്നു ലോറി.
ചെങ്കുത്തായ ഇറക്കം ഇറങ്ങ് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വണ്ടിക്കുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേർന്ന് വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നത്.