മലപ്പുറം നിലമ്പൂർ മൂത്തേടത്ത് ബസിലിൽ നിന്നും തെറിച്ചു വീണ് വായോധികയ്ക്ക് ദാരുണാന്ത്യം
ഡോർ അടക്കാത്ത ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു. ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യവെയാണ് വീട്ടമ്മയുടെ അപകട മരണം.മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടൻ മറിയുമ്മ (62) ആണ് മരിച്ചത്.വെള്ളിയാഴ്ച പകൽ 3:10 ന് മൂത്തേടം എണ്ണക്കരകള്ളിയിൽ
വെച്ചാണ് അപകടം.
നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസ്സിൽ നിന്നാണ് തുറന്ന് കിടക്കുന്ന ഡോർ വഴി പുറത്തേക്ക് റോഡിൽ തെറിച്ച് വീണത്. ഡ്രൈവർ നിയന്ത്രിക്കുന്നതും യാത്രക്കാർ കയറുന്ന മുൻഭാഗത്തെ ഡോറിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് തെറിച്ച് വീണത്. 300 മീറ്റർ അകലെ നിന്നുള്ള സ്റ്റോപ്പിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ബസിൽ കയറിയത്.
രണ്ട് പേർ മുൻ ഭാഗത്തെ ഡോർ വഴിയും മറിയുമ്മ പിൻഭാഗത്തെ ഡോർ വഴിയും ബസിൽ കയറി. മറിയുമ്മ ബസിൽ മുമ്പിലേക്ക് നടന്ന് എത്തിയതായിരുന്നു. ഈ സമയം മുൻ ഭാഗത്തെ ഇലക്ട്രിക് ഡോർ അടച്ചിരുന്നില്ല. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിൽ മകൻ്റെ ഭാര്യ പിതാവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മരണപ്പെട്ട മറിയുമ്മ.
വീഴ്ചയിൽ തലയുടെ പിൻഭാഗം റോഡിലിടിച്ച് ഗുരുതര പരിക്കേറ്റു. എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കര പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നിലമ്പൂർ ഗവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതിന് പോസ്റ്റ് മോർട്ടം നടക്കും. ഖബറടക്കം ശനിയാഴ്ച പകൽ 12 ന് താഴെ ചെമ്മംതിട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്: മരക്കാർ. മക്കൾ: ആയിഷ, ശറഫുദ്ദീൻ,അബ്ദുൾ ലത്തീഫ്,ഷെരീഫ്, ജംഷീന,
മരുമക്കൾ:ബഷീർ,ജഷീർ,നജ്മ , ജസീല.