കണ്ണൂർ:തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് സാരമായി പരിക്കേറ്റു. മാട്ടൂൽ നോർത്ത്, വെങ്ങര സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിലെ ജീവനക്കാരാണ്. മംഗളൂരു-ചെന്നൈ മെയിലിലായിരുന്നു സംഭവം.
പഴയങ്ങാടിയിൽനിന്ന് കയറിയ യുവതികൾ വണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന് യാത്രചെയ്യുകയായിരുന്നുവെന്ന് ആർ.പി.എഫ്. പറഞ്ഞു. വണ്ടി കണ്ണപുരം സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉരഞ്ഞാണ് മുറിവേറ്റത്. ഉടൻ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തി. പ്രഥമശുശ്രൂഷ നൽകിയശേഷം പുറപ്പെട്ട വണ്ടി കണ്ണൂരിലെത്തിയ ഉടൻ ആർ.പി.എഫും പോലീസും ചേർന്ന് പരിക്കേറ്റവരെ ആംബുലൻസിൽ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിക്കേറ്റ ഒരാളുടെ ഇരു കാലുകൾക്കും ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.