പൊള്ളാച്ചി ∙ കോയമ്പത്തൂർ റോഡ് കിണത്തുക്കടവിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു വശത്തെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. സിങ്കയ്യൻ പുതൂർ സ്വദേശികളായ പ്രഭു (33), വീരമണി (33), കറുപ്പുസാമി (29) എന്നിവരാണു അപകടത്തിൽ മരിച്ചത്. ഉറ്റസുഹൃത്തുക്കളായ 3 പേരും രാവിലെ കോയമ്പത്തൂർ റോഡ്, ഏഴൂർ ഡിവിഷനു സമീപമുള്ള ബേക്കറിയിൽ ചായകുടിച്ചു വീട്ടിലേക്കു തിരികെ വരുമ്പോഴാണ് അപകടം
വീരമണിയാണു കാർ ഓടിച്ചത്. വീർപ്പകൗണ്ടന്നൂർ കാതറുത്താൻമേട് ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട വാഹനം റോഡിന് ഇടതുവശത്തെ പനയിൽ വന്ന് ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ മൂവരുടെയും തലയിലും ദേഹത്തും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. അതുവഴി വന്ന മറ്റു വാഹനനങ്ങളിലെ യാത്രക്കാർ ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേരും വഴിമധ്യേ മരിച്ചതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു.