ചൈനയിൽ പുതിയ വൈറസ് വ്യാപനം?ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു ആശുപത്രികളിൽ തിക്കും തിരക്കും, ആശങ്കയോടെ ലോകം;സ്ഥിരീകരിക്കാതെ ലോകാരോഗ്യ സംഘടന



ബീജിംഗ് :ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരിക്കുന്നത്. കൊവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്.

വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്‌സ് ഹാൻഡിലുകളിൽ പോസ്റ്റ് വന്നിട്ടുണ്ട്. തിങ്ങിനിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കടുത്ത രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്.  എന്നാൽ, ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.


14 വയസിന് താഴെയുള്ള കുട്ടികളിലാണ് എച്ച്‌എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡിന് സമാനമായ രീതിയിൽ പടരുന്ന വൈറസാണ് എച്ച്‌എംപിവി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരുമാണ് അപകട സാദ്ധ്യതാ വിഭാഗത്തിലുള്ളത്. 2001ലാണ് ന്യുമോവിരിഡേ ഗണത്തിൽപ്പെട്ട എച്ച്‌എംപിവി ആദ്യമായി സ്ഥിരീകരിച്ചത്. നിലവിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ദ്ധർ പറയുന്നു.

Post a Comment

Previous Post Next Post