ഒരുവയസ്സുള്ള ഇരട്ടകളടക്കം നാലുമക്കളെ അമ്മ കനാലിലെറിഞ്ഞു കൊന്നു; പിന്നാലെ ആത്മഹത്യ ശ്രമം




മംഗളൂരു: ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ മാതാവ് കനാലിലെറിഞ്ഞു കൊന്നു. വിജയപുര ജില്ലയിൽ നിഡഗുണ്ടി താലൂക്കിലെ ബെനാൽ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോൽഹാർ താലൂക്കിലെ തെൽഗി ഗ്രാമത്തിൽ താമസിക്കുന്ന ഭാഗ്യശ്രീ ഭജൻത്രിയാണ് (26) തൻ്റെ മക്കളായ തനു നിഗരാജ് ഭജൻത്രി (അഞ്ച്), രക്ഷാ നിംഗരാജ് ഭജൻത്രി (മൂന്ന്), ഇരട്ടകളായ ഹസൻ നിംഗരാജ് ഭജൻത്രി, ഹുസൈൻ നിംഗരാജ് ഭജൻത്രി (ഇരുവരും 13 മാസം) എന്നിവരെ തിങ്കളാഴ്ച അൽമാട്ടി ഇടതുകര കനാലിൽ എറിഞ്ഞ് കൊന്നത്. സ്വത്തുതർക്കമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെൽഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യയുടെ കുടുംബവുമായി വഴക്കിട്ടിരുന്നതായി ഇയാൾ മൊഴി നൽകി. തിങ്കളാഴ്ച തങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ തർക്കമുണ്ടായെന്നും സ്വത്തുക്കൾ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങൾ പറഞ്ഞതായും ലിംഗരാജു പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിന്റെ ഇരുചക്രവാഹനത്തിലെ പെട്രോൾ തീർന്നു. ഇതിനെ തുടർന്ന് ഇന്ധനമടിക്കാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ ആരോ കനാലിൽ ചാടിയതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. തുടർന്നാണ് താൻ സംഭവം അറിയുന്നതെന്നും ഭർത്താവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

എന്നാൽ, ലിംഗരാജു 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും സ്വത്തിന്റെ വിഹിതം നൽകാൻ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരൻ പമ്പാപതി പറയുന്നു. ജില്ല ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ് ഭാഗ്യ. നിഡഗുണ്ടി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post