തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. മടവൂര്‍ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ നഷ്ടപ്പെട്ടു. കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻറെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു. അതേസമയം, അപകടത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.
സ്‌കൂൾ ബസിൽ വീട്ടിലേക്ക് വന്നതാണെന്നും വീട്ടിലേക്ക് കയറുന്ന വഴി റോഡിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് വീണതാണെന്നും വല്ലാത്തൊരു ഞെട്ടലിലാണെന്നും നാട്ടുകാരനായ സൈനുലാബുദ്ദീൻ പറഞ്ഞു. വിവരം അറിയിച്ചശേഷം കുട്ടിയുടെ അച്ഛനെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി.