എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിറക് വെട്ട് തൊഴിലാളിയായ എരുമപ്പെട്ടി വട്ടക്കുഴി വീട്ടില്‍ ജോണി (70) ആണ് മരിച്ചത്.
എരുമപ്പെട്ടി പെട്രോള്‍ പമ്ബിനു മുന്നില്‍ ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ ജോണിയെ സ്കൂട്ടർ യാത്രക്കാരൻ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തൃശൂർ മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
എന്നാല്‍ സ്കൂട്ടർ യാത്രക്കാരൻ ഇയാളെ കടങ്ങോട് റോഡ് ജംഗ്ഷനില്‍ ഉപേക്ഷിച്ചുപോയി. തുടർന്ന് ശ്വാസതടസം നേരിട്ട ജോണിയെ ഡോക്ടറുടെ നിർദേശപ്രകാരം നാട്ടുകാർ 108 ആംബുലൻസില്‍ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ചികിത്സയിലിരിക്കെ ഉച്ചതിരിഞ്ഞ് മൂന്നോടെ മരിക്കുകയായിരുന്നു. കണിമംഗലം സ്വദേശിയായ ജോണി 20 വർഷമായി എരുമപ്പെട്ടിയിലാണ് താമസം. ഭാര്യ: ത്രേസ്യ. മകൻ: ബാബു.