ആലപ്പുഴ: ദേശീയപാതയിൽ കെ എസ് ആർ ടി സി ലോഫ്ലോർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന മകളെ ഹോസ്റ്റലിലാക്കി മടങ്ങിയ പിതാവ് മരിച്ചു. കാർ ഓടിച്ചിരുന്ന ആലപ്പുഴ ഇരവുകാട് വാർഡ് പതിയാംകുളങ്ങര ക്ഷേത്രത്തിനുസമീപം അറക്കൽ വീട്ടിൽ ശശിധരനാണ് (58) മരിച്ചത്. ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ട് 3.30ന് തുമ്പോളി ജങ്ഷന് സമീപത്തെ കാർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
കായംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസിലേക്ക് എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശശിധരനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രക്കിടയിൽ 58കാരന് ഹൃദയസ്തംഭനമുണ്ടായതായാണ് സംശയിക്കുന്നത്.
പാലായിൽ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന മകൾ അനന്യയെ ഹോസ്റ്റലിലാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. വിളക്കിത്തല നായർ സമുദായം അമ്പലപ്പുഴ താലൂക്ക് സെക്രട്ടറിയാണ് ശശിധരൻ. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ലോഫ്ലോർ ബസിന് കാര്യമായ കേടുപാടുണ്ടായിട്ടില്ല. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗത തടസം നീക്കിയത്. ഭാര്യ: ബിന്ദു