സംവിധായകൻ ഷാഫി അന്തരിച്ചു; വിട പറഞ്ഞത് സൂപ്പർഹിറ്റ് സിനിമകളുടെ ശിൽപി



കൊച്ചി  മലയാളികളെ ചിരിപ്പിച്ച വൻ ഹിറ്റുകളൊരുക്കിയ സംവിധായകൻ ഷാഫി (56) വിട പറഞ്ഞു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. ഇന്ന് രാവിലെ ഒൻപതു മുതൽ 12 വരെ കലൂർ മണപാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ഹാളിൽ പൊതുദർശനം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.


കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.


1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. കലാകാരന്മാരായ അമ്മാവന്മാരും മറ്റു ബന്ധുക്കളുമൊക്കെ സിനിമയും മറ്റും ചർച്ച ചെയ്യുന്നതു കേട്ടു വളർന്ന ഷാഫിയിലും കുട്ടിക്കാലത്തുതന്നെ സിനിമാ മോഹമുണ്ടായി. സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. അമ്മാവൻ സിദ്ദീഖ് സിനിമയിലെത്തിയതോടെ അതു ശക്തവുമായി. 


രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. പിന്നെ തുടർച്ചയായി ഹിറ്റ് സിനിമകളൊരുക്കി.


2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

Post a Comment

Previous Post Next Post