കൊല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടത്താനം വെപ്പാലുംമൂട് ഭാവനാനഗർ 289 ബിയിൽ ഫിലിപ്പാണ് (42, ലാലു) മരിച്ചത്. പട്ടത്താനം ഭാവനാനഗർ 36 എയിൽ മനോജ് (45), ഇയാളുടെ ബന്ധു ഭാവന നഗർ ചെറുപുഷ്പം വില്ലയിൽ ജോൺസൺ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജോൺസന്റെ സഹോദരൻ റാഫി ഒളിവിലാണ്.
ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ വൈകിട്ട് 5.30 ഓടെ ജോൺസന്റെ വീടിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ഫിലിപ്പ് വളർത്തുനായയുമായി പ്രതികളുടെ വീടിന് സമീപത്തുകൂടി പോയതാണ് തർക്കത്തിലേക്ക് നയിച്ചത്. പ്രതികൾ പട്ടിയെ കല്ലെറിയുകയും വിഷം കൊടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഫിലിപ്പ് ചോദ്യം ചെയ്തു. ഇതോടെ മനോജും ജോൺസണും റാഫിയും ഫിലിപ്പുമായി തർക്കത്തിലായി.
ഇതിനിടെ മനോജ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഫിലിപ്പിന്റെ നെഞ്ചിൽ കുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരും ഫിലിപ്പിന്റെ ബന്ധുവും അയൽവാസിയുമായ ആന്റണിയും ചേന്ന് ഉടൻ ഫിലിപ്പിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളർത്തുനായയെ ചൊല്ലി മുമ്പും പ്രതികൾ ഫിലിപ്പുമായി തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ പൊലീസ് മനോജിനെ സംഭവസ്ഥലത്ത് നിന്നും കൈയ്ക്ക് പരിക്കേറ്റ ജോൺസണെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് പിടികൂടിയത്. എ.സി.പി എസ്.ഷെരീഫ് സംഭവസ്ഥലത്തെത്തി. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പി.ചെറിയാൻ-ലീല ദമ്പതികളുടെ മകനാണ് മരിച്ച ഫിലിപ്പ്. ഭാര്യ: ജസ്റ്റിന മോന ഷിന്റി. മകൻ: ചെറിയാൻ ഫിലിപ്പ്.