കോട്ടയം : കിണർ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ തൊഴിലാളിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. പൊന്‍കുന്നം ഒന്നാം മൈല്‍ സ്വദേശി കുഴികോടില്‍ ജിനോ ജോസഫ് (47)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. ജിനോയുടെ കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷി (40)നും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിനോയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സനീഷ്.
പൊന്‍കുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് ഇവര്‍. കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ കിണറിന്റെ കൈവരിയിലെ തൂണ്‍ ഇടിഞ്ഞ് ജിനോയ്‌ക്കൊപ്പം താഴേയ്ക്ക് പതിക്കുകയായിരുന്നു. തൂണിന്റെ ഭാഗങ്ങള്‍ സനീഷിന്റെയും ദേഹത്തേയ്ക്ക് വീണു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിനോയെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി പുറത്തെത്തിച്ച് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.