നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മറാത്തി നടി ഊർമിള കോട്ടാരെയുടെ കാർ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.മുംബൈയിലെ കന്ദിവലിയിൽ മെട്രോയുടെ നിർമാണപ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നടിക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഊർമിള ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ പോയസർ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് മെട്രോ ജീവനക്കാരെ ഇടിക്കുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. കാറിൻ്റെ എയർബാഗുകൾ യഥാസമയം പ്രവർത്തിച്ചതിനാലാണ് താരം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കെതിരെ സമതാ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ നടിയുടെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ‘ദുനിയാദാരി’, ‘ശുഭമംഗൾ സാവധാൻ’, ‘തി സാധ്യ കേ കാർത്തേ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത മറാത്തി നടിയാണ് ഊർമിള കോട്ടാരെ.