കാസർകോട്: വീടിന് പുറത്തുള്ള എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നര വയസ്സുകാരൻ മരിച്ചു. ഷിൻസാദ് ഗ്വാളിമുഖത്തിൻ്റെയും അഫ്‌സാനയുടെയും മകൻ മുഹമ്മദ് സിൻസാദ് ആണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേരം നാലുമണിയോടെ കേരള അതിർത്തിയായ ഗാളിമുഖത്താണ് നാടിനെ നടുക്കിയ അപകടം. അടുത്തമാസം നാലിന് നടക്കുന്ന വിവാഹത്തിനായി വീട്ടിൽ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനു പുറത്തുള്ള എർത്ത് കമ്പിയിൽ പിടിച്ച കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. പിടയുന്നത് കണ്ട കുട്ടിയുടെ മുത്തച്ഛൻ മുഹമ്മദ് ഷാഫി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഷോക്കേറ്റ് തെറിച്ചുവീണു. വീട്ടിലെ വൈദ്യുതി ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. മുഹമ്മദ് ഷാഫിയെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കർണാടക പുത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു