കോഴിക്കോട് : വടകര
കരിമ്പനപ്പാലത്ത് കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.
പോസ്റ്റ്മോർട്ടത്തിൽ മൃതദേഹങ്ങളിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി.
കാർബൺമോണോക്സൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ, കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വീട്ടിൽ ജോയൽ എന്നിവരാണ് മരിച്ചത്.
കാർബൺ മോണോക്സൈഡ് യുവാക്കളുടെ ശരീരത്തിനുള്ളിലെത്തിയത് ചിലപ്പോൾ എസിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ ആകാനാണ് സാധ്യതയെന്ന് വടകര സിഐ സുനിൽകുമാർ പറഞ്ഞു.
വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന നടത്തി.
തലശ്ശേരിയിൽ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവർ. ഞായറാഴ്‌ച രാത്രിയാണ് കരിമ്പനപ്പാലത്തെ റോഡരികിൽ കാരവാൻ നിർത്തിയിട്ടത്.
തിങ്കളാഴ്ച വൈകീട്ട് സമീപവാസിക്ക് വന്ന ഫോൺ കോൾ വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്.
പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇരുവരുടേയും ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്ക്കാര ചടങ്ങുകൾക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി. വടകര സിഐ സുനിൽകുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്.