കോട്ടയം: ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ, ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.