ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്



 ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോഡിമെട്ട് - പൂപ്പാറ റോഡിൽ രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 5 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം ഉണ്ടായത്. ശാന്തൻപാറ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഡിവൈഡർ തകർത്ത് താഴ്ചയിലേക്ക്  പതിക്കുകയായിരുന്നു. കൃഷിയിടത്തിലുളള വലിയ ജലസംഭരണിക്ക് സമീപമാണ് കാർ ഇടിച്ചുനിന്നത്. അല്പം മാറി ജലസംഭരണിയിലേക്ക് പതിച്ചിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. തോണ്ടിമലയിലെ ഈ ഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനിടയിൽ 15 ഓളം വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ ഈ ഭാഗത്തെ അലൈൻമെന്റിന്റെ വ്യത്യാസമാണ് അപകടങ്ങൾക്ക് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു.

Post a Comment

Previous Post Next Post