ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസുകാരൻ മുഹമ്മദ് ഹനീന്‍ (17) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ-ഷംന ദമ്പതികളുടെ മകനാണ്.
ദേശീയ ദിനത്തിന്റെ ഭാഗമായ പൊതുഅവധി ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വെച്ചാണ് അപകടം നടന്നത്. ടയർപൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. ഹനീന് തലക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആയിഷയാണ് ഹനീന്റെ സഹോദരി. പിതാവ് ഷാജഹാൻ മുൻ ഖത്തർ എനർജി ജീവനക്കാരനും നോബിൾ ഇന്റർനാഷനൽ സ്കൂൾ സ്ഥാപക അംഗവുമാണ്.
പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.