മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ സർക്കാർ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 96 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പർദി ഗ്രാമത്തിലെ സ്കൂളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽനിന്ന് ഖിചഡി കഴിച്ച് വീട്ടിലെത്തിയ കുട്ടികൾ, രാത്രിയോടെ ഛർദ്ദിയും വയറിളക്കവും വന്നതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യം സാധാരണ നിലയിലായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കു നേരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്തയാളും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമാന രീതിയിൽ കഴിഞ്ഞ മാസം തെലങ്കാനയിലെ സ്കൂളിലും വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മഗനൂരിലെ ജില്ലാ പരിഷദ് സ്കൂളിലെ 50 കുട്ടികളാണ് അന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. മനംപിരട്ടലും ഛർദ്ദിയും കാരണം ഏതാനും കുട്ടികൾ കുഴഞ്ഞുവീണിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നതെന്നും വിമർശനമുയർന്നിരുന്നു.