തിരുവനന്തപുരം ആര്യനാട് / പോത്തൻകോട്: സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച രണ്ടു വാഹനങ്ങൾ വ്യത്യസ്ത അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആയയ്ക്കും 15 കുട്ടികൾക്കും പരിക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവങ്ങൾ.നെടുമങ്ങാട് കൈരളി വിദ്യാഭവനിലെ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറി ആയയ്ക്കും 12കുട്ടികൾക്കും, പോത്തൻകോട് സെന്റ് തോമസ് സ്കൂളിൽ നിന്ന് കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 കുട്ടികൾക്കുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കൈരളി വിദ്യാഭവനിലെ ആയ സജലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതേ സ്‌കൂളിലെ വിദ്യാർത്ഥി വിഘ്‌നേഷിനെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.പോത്തൻകോട് സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫായിസ് മുഹമ്മദിന്റെ (12) കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എസ്.പി ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അലക്ഷ്യമായി ഓടിച്ച സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് നെടുമങ്ങാട് കൈരളി വിദ്യാഭവനിലെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 4.30തോടെ ആര്യനാട് പേഴുംമൂട് റോഡിൽ കടുവാക്കുഴി ജംഗ്ഷനിലായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം വലതുവശത്തെ മരത്തിലും വൈദ്യുത തൂണിലും ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ 11 കെ.വി പോസ്റ്റ് ഒടിഞ്ഞുവീണു.
സാരമായി പരിക്കേറ്റ വൈഷ്ണവി (12),ഹരികൃഷ്ണൻ (5),മുഹമ്മദ് സയാൻ (7),ഫെഫിൻ (7),ഹരി ഗോവിന്ദ് (9),അമേയ (5),സഫർ ഖാൻ (12),ഗോപിക (15),വൈഗ രാജേഷ് നായർ (12),തേജസ് (12),ദിയാരാജ് (07) എന്നിവർ ആര്യനാട് ആശുപത്രിയിൽ ചികിത്സയിൽ തേടി. കൂടുതൽ പേർക്കും മുഖത്താണ് പരിക്ക്. അപകട വിവരമറിഞ്ഞ് രക്ഷിതാക്കളും സ്കൂൾ അധികൃതരും ആര്യനാട് ആശുപത്രിയിലെത്തി. ജി.സ്റ്റീഫൻ എം.എൽ.എ,ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.രതീഷ്,അനിൽകുമാർ,ശ്രീജ എന്നിവർ ആശുപത്രിയിലെത്തി.
അപകടമുണ്ടാക്കിയ സ്കൂൾ ബസ് ഡ്രൈവർ ജയശ്രീധറെ(52) ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പോത്തൻകോട് സെന്റ് തോമസ് സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞാണ് 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1നായിരുന്നു അപകടം. പരീക്ഷക്കു ശേഷം സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി സമീപത്തെ ഇറക്കമിറങ്ങിവരവേ വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.6,7 ക്ലാസുകളിൽ പഠിക്കുന്ന 10 കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.സാരമായി പരിക്കേറ്റ ഫാത്തിമ (13),ഫൈസാ (12) എന്നിവരെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബാക്കിയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഓടികൂടിയ നാട്ടുകാരും സ്‌കൂൾ അധികൃതരും പോത്തൻകോട് പൊലീസും ചേർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.