Read more at: https://truevisionnews.com/news/260051/11kv-line-fell-running-bike-tragicend-youngman-his-two-children
ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ദാരുണമായ സംഭവം..
നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെൺ കുട്ടികളുമാണ് മരിച്ചത്. എയിംസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.
മാർക്കറ്റിന് സമീപം ചവറുകൾ കൂട്ടിയിട്ടിരുന്ന പ്രദേശത്തിന് അടുത്തെത്തിയപ്പോൾ 11 കെ.വി ലൈൻ ഇവർക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാനായില്ല.
24കാരനായ ശിവ് രാജ് നിഷാദ്, മകൾ ശിവ് മംഗൽ (4), ബന്ധുവായ കീർത്തി (13) എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വൈദ്യുതി ലൈനിലേക്ക് കുരങ്ങൻ ചാടിയതാണ് ലൈൻ പൊട്ടാനും തുടർന്ന് ബൈക്കിന് മുകളിലേക്ക് വീഴാനും കാരണമെന്ന് വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ഡി.കെ സിങ് പറഞ്ഞു.
അപകടമുണ്ടായ ഉടൻ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.