കോഴിക്കോട്: കോഴിക്കോട്-കുറ്റ്യാടി റോഡിൽ കൂമുള്ളി മിൽമാ ബൂത്തിന് സമീപം ബസ്സിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ബസ് കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ഉള്ളിയേരി കൂമുള്ളിയിൽ മിൽമ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. രതീപ് സഞ്ചരിച്ച ബൈക്കിൽ ബസ് തട്ടുകയായിരുന്നു. കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ്സാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ മലപ്പുറം മുന്നിയൂർ സ്വദേശി രതീപ് നായർ (32) ആണ് മരിച്ചത്.
അമിത വേഗതയിൽ തെറ്റായ ദിശയിൽ എത്തിയ ബസ്സാണ് യുവാവിന്റെ ജീവനെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
ബസ്സിന്റെ വലതു വശം തട്ടി രതീപ് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. റോഡിൽ വീണ രതീപിന്റെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ റൂട്ടിൽ ബസുകളുടെ അമിത വേഗത യാത്രക്കാരുടെ ജീവനെടുക്കുന്നത് തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ഉള്ളിയേരി-അത്തോളി റൂട്ടിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിതരണംചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയാണ് രദീപ്. ആഴ്ചയിൽ കടകളിൽ കളക്ഷൻ എടുക്കാൻ പതിവുപോലെ ഉള്ളിയേരി ഭാഗത്തുനിന്ന് അത്തോളി ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു.
അപകടത്തിനു കാരണമായ ബസ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പോലീസ്
അന്വേഷണം ആരംഭിച്ചു
മൂന്നിയൂർ മാസ് ക്ലബ്ബ് ട്രഷററാണ് മരിച്ച ദീപു എന്ന രദീപ്. അച്ഛൻ: കൃഷ്‌ൻ നായർ. അമ്മ: രമ. ഭാര്യ: അശ്വിനി. മകൾ: ദേവനന്ദ. സഹോദരങ്ങൾ: രാഗേഷ്, രാജീവ്.