സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകള്‍ക്കൊപ്പം ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.