മൂവാറ്റുപുഴ: തടി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നലെ രാത്രി ആരക്കുഴ പണ്ടപ്പിള്ളി റോഡിൽ പെരുമ്പല്ലൂർ കണ്ണങ്ങാടിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരുമ്പല്ലൂരിലെ കാർ സർവീസ് സെന്റർ ജീവനക്കാരൻ പട്ടിമറ്റം സ്വദേശി ആഷിഖ് അസീസിനെ (19) യാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആരക്കുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ എതിർ ദിശയിൽ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മൂവാറ്റുപുഴ ആരക്കുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ അഗ്നിരക്ഷാ സേന എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗ്രേഡ് എസ്എഫ്ആർഒ അനി ബെൻ കുര്യാക്കോസ്, നിബിൻ ബോസ്, മുഹമ്മദ് നസീം, സാബു ജോസഫ് എന്നിവർ ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.