മംഗളൂരു : ബെൽത്തങ്ങാടി വെനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയിൽ ബുധനാഴ് വൈകീട്ട് മൂന്ന് കോളജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു.
കളവൂരിൽ താമസിക്കുന്ന മൂഡബിദ്രി എഡപ്പദവ് സ്വദേശി വിക്ടർ ഫെർണാണ്ടസിൻ്റെ മകൻ ലോറൻസ് ഫെർണാണ്ടസ് (20), ബസവഗുഡിയിലെ സി.എസ്. സുനിലിന്റെ മകൻ സി.എസ്. സൂരജ്(19), ബണ്ട്വാൾ വെഗ്ഗയിലെ ജെയിംസ് ഡിസൂസയുടെ മകൻ ജോയ്സൺ ഡിസൂസ(19) എന്നിവരാണ് മരിച്ചത്.
മംഗളൂരുവിലെ സ്വകാര്യ കോളജിൽ ബി.എസ് സി നഴ്സിങ് വിദ്യാർഥികളായ മൂവരും ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
സിന്ധി അണക്കെട്ട് പരിസരത്ത് പുഴയിൽ നീന്താനിറങ്ങിയ മൂവരും ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പുറത്തെടുത്തു.