തൃശൂർ ചാവക്കാട്: ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്ട വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന് രാവിലെ ചാവക്കാട് ബീച്ചിൽ എത്തിയത്. കൂട്ടുകാരോടൊത്ത് കടലിൽ കുളിച്ചു കൊണ്ടിരിക്കെ ഗോകുൽ തിരയിൽപെടുകയായിരുന്നു. മറ്റൊരു തിരയിൽ തിരികെ വന്ന ഗോകുലിനെ കൂട്ടുകാർ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ചലനമറ്റിരുന്നു. വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന മലപ്പുറം എടവണ്ണ സ്വദേശി നിഹാൽ സി പി ആർ (Cardiopulmonary resuscitation) നൽകിയതോടെയാണ് ഗോകുൽ ജീവതത്തിലേക്ക് തിരിച്ചു വന്നത്. ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ച ഗോകുലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗോകുൽ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.