കാസർകോട് ചെമ്മനാട് മാവില റോഡിൽ സഹോദരനെ അനിയൻ കുത്തിക്കൊന്നു. മാവില റോഡ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ ചന്ദ്രന്റെ അനുജൻ ഗംഗാധരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ആക്രമണം കണ്ട് തടയാൻ എത്തിയ ചന്ദ്രന്റെ അയൽവാസികളായ രണ്ടുപേർക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജേഷ്ഠനും അനിയനും തമ്മിൽ സ്വത്തു തർക്കം ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. ആക്രമണം നടത്തുന്ന സമയത്ത് ഗംഗാധരൻ മദ്യലഹരിയിൽ ആയിരുന്നു എന്നും പറയുന്നു.കുത്തേറ്റ് ഉടൻ തന്നെ ചന്ദ്രനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.