തിരൂർ: റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 2.45 ഓടെ പെരുവഴിയമ്പലം വളവിലാണ് അപകടം. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. റോഡരികിൽ നിർത്തിയ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പൂക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടിയുൾപ്പെടെയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെയും ഓട്ടോയുടെയും മുൻഭാഗങ്ങൾ തകർന്നിട്ടുണ്ട്. തിരക്കേറിയ ഭാഗങ്ങളിലെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് വലിയ അപകടങ്ങൾക്കാണ് ഇടയാക്കുന്നത്. തിരൂർ-താനൂർ പാതയിൽ പല ഭാഗങ്ങളിലും റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയുടന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്.