കൽപ്പറ്റ:വയനാട് തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെ സ്ഥലത്തെത്തി.
ബസ് അപകടം: ചികിത്സ തേടിയവർ
തിരുനെല്ലി തെറ്റുറോഡിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 27 ആയി. മൈസൂർ ഹുൻസൂർ ബിലികെരെ സ്വദേശികളായ മുത്തുസ്വാമി (42), നിരഞ്ജൻ (19), സാഗർ (17), സഞ്ജയ് (30), ശ്രേയസ് (24), യതീഷ് (14), ഹേമന്ത് കുമാർ (29), സച്ചിൻ (25), പുണ്യശ്രീ (8), ജീവ (17), എം.രവി (38), പ്രദീപ് (35), സുരേഷ് (42), രാജു (53), മനു (21), വാസു (31), ഹരീഷ് (39), ജയകുമാർ (28), പ്രവീൺ (27), എം രവി (36),ആർ എം പ്രഭു (26), രാജേഷ് (45), കിരൺ (19), നിശ്ചൽ (19), ഹേമന്ത് (24), ചേതൻ (24), ഹരീഷ് (39) എന്നിവരാണ് ഇതുവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവരുടെ ആരുടേയും നില ഗുരുതരമല്ല.