കാസർകോട് കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് വീണ്ടും റെയിൽപാളം മുറിച്ച് കടക്കവെ അപകടം. ഒരാൾ മരിച്ചു. ആറങ്ങാടി മുസ്ലീം ലീഗ് ഓഫീസിന് സമീപത്തെ അബ്ദുൾ സത്താർ 67 ആണ് മരിച്ചത്. സ്റ്റേഷനടുത്ത്
പഴയ റെയിൽവെ ഗേറ്റിനും
മേൽപ്പാലത്തിനും അടുത്തായാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് അപകടം. കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത സൂപ്പർ ഫാസ്റ്റ് ട്രെയിൻ തട്ടി മരിച്ചതായാണ് കരുതുന്നത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
ചെക്ക് ഷർട്ട്, വെള്ളമുണ്ട്, നിസ്ക്കാര
തൊപ്പി. മൊബെയിൽ കവർ, 200 രൂപയുടെ 2 നോട്ടുകൾ, ചെരുപ്പ് എന്നിവ പരിസരത്തു നിന്നും ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി 9.30 മണിയോടെ ആളെ തിരിച്ചറിയുകയായിരുന്നു. ആറങ്ങാടിയിലെ പഴയ വീട് പൊളിച്ച് പുതുക്കി പണിയുന്നതിനാൽ മകളുടെ വീട്ടിലാണ് സത്താറും ഭാര്യയും താമസിക്കുന്നത്. വൈകീട്ട് ആറങ്ങാടിയിൽ നിന്നും മകളുടെ ആവിക്കരയിലെ വീട്ടിലേക്ക് പോകവെയാണ് അപകടം. മുൻ പ്രവാസിയാണ്.
പൊലിസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പാളം മുറിച്ച് കടക്കവെ മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്റർ അകലെയാണ് ഇന്ന് അപകടമുണ്ടായത്. സ്ത്രീകളെ
ഇടിച്ച അതേ ട്രെയിൻ തന്നെയാണ് ഇടിച്ചതെന്ന് കരുതുന്നു. പരേതരായ ആറങ്ങാടിയിലെ കടവത്ത് മുഹമ്മദ് - ആയിഷ ബിയുടെയും മകനാണ്. ഭാര്യ: നബീസ മാണിക്കോത്ത്.മക്കൾ: റഷീദ്, റഷിദ, റസീന. മരുമക്കൾ: സലിം ആവിക്കര , ലത്തീഫ്, മുസ്താന. സഹോദരങ്ങൾ: ഇബ്രാഹീം പരേതരായ അബ്ദുൾ റഹ്മാൻ, അബൂബക്കർ, മൊയ്തീൻ, ആസിയ , നഫീസ , ബീഫാത്തിമ്മ , സൈന. ഖബറടക്കം ഇന്ന് നടക്കും.