ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 7 പേര്‍ക്ക് പരിക്ക്



പയ്യന്നൂരിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ഇന്നോവ കാർ കുന്താപുരത്ത് വെച്ച് അപകടത്തിൽപെട്ടു.

അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. 

പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.


അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.

മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 


കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം ഉണ്ടായത്.

ക്ഷേത്രത്തിലേക്ക് പോകാനായി മലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു. മം​ഗലൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തിൽ ഇടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post